മനഃസാക്ഷി.....

 ഒരിക്കൽ ധനാഢ്യനായ ഒരു വലിയ വ്യവസായിയുടെ ഭവനത്തില്‍ ഒരു മോഷണം ഉണ്ടായി. അയാളുടെ പ്രബലമായ സംശയം അയാളുടെ പരിചാരകന്മാരില്‍ ഒരാളായിരിക്കും മോഷ്ടാവ് എന്നായിരുന്നു. പുറത്തുനിന്ന് ആരെങ്കിലും അതു നടത്താന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. ഭൃത്യഗണങ്ങളെ ചോദ്യംചെയ്തിട്ട് ആരും മോഷണം സമ്മതിക്കുന്നുമില്ല.

ബേര്‍ബെല്‍ എന്ന ദിവ്യനെ വ്യവസായി സമീപിച്ചു മോഷണക്കാര്യം അറിയിച്ചു. മോഷ്ടാവിനെ കണ്ടെത്താന്‍ അദ്ദേഹത്തിന്റെ ദിവ്യജ്ഞാനം പര്യാപ്തമെന്നു ധരിച്ചിരുന്നു. വ്യവസായിയോടൊപ്പം ബേര്‍ബെല്‍ ആ ഭവനത്തില്‍ എത്തി. വീടും പരിസരവും സൂക്ഷ്മനിരീക്ഷണം നടത്തി. അനന്തരം പരിചാരകവൃന്ദത്തെ വിളിച്ചു. അവരെല്ലാം എത്തിയപ്പോള്‍ ഒാരോരുത്തരെ ചോദ്യം ചെയ്തു: ''ആരാണ് മോഷണം നടത്തിയതെന്നു സത്യം പറയുക. അല്ലെങ്കില്‍ കണ്ടുപിടിക്കാനുള്ള വഴി എന്റെ പക്കലുണ്ട്.'' ശക്തമായ ഭാഷയിലൊക്കെ ബേര്‍ബെല്‍ സംസാരിച്ചിട്ടും ആരും കുറ്റം സമ്മതിച്ചില്ല.

ബേര്‍ബെല്‍ അല്‍പനേരത്തെ മൌനത്തിനുശേഷം ഒരേ നീളത്തിലും വലുപ്പത്തിലുമുള്ള ഒാരോ കമ്പ് ഭൃത്യന്മാര്‍ ഒാരോരുത്തരെയും ഏല്‍പ്പിച്ചിട്ടു പറഞ്ഞു: നാളെ നിങ്ങള്‍ ഇതു തിരികെ കൊണ്ടുവരണം. മോഷണം നടത്തിയ ആളിന്റെ കമ്പ് രണ്ടിഞ്ച് നീളം കൂടിയതായി അപ്പോള്‍ കാണപ്പെടും. ഇത്രയും പറഞ്ഞ് ഭൃത്യരെ അവരവരുടെ വസതികളിലേക്ക് അയച്ചു.

പിറ്റേദിവസം അതേ സ്ഥലത്തു നിര്‍ദിഷ്ട സമയത്ത് പരിചാരകവൃന്ദം അവരെ ഏല്‍പ്പിച്ച കമ്പുകളുമായി എത്തി. ഒാരോരുത്തരും തങ്ങളുടെ കമ്പ് ബേര്‍ബെലിന്റെ മുമ്പില്‍ കൊണ്ടുവന്നു. ഒരുവന്റെ കമ്പിന് രണ്ടിഞ്ച് നീളം കുറവായിരുന്നു. ആ കമ്പുമായി വന്ന ഭൃത്യനെ ചൂണ്ടിക്കാണിച്ച് ബേര്‍ബെല്‍ പറഞ്ഞു: ''ഇവനാണ് കള്ളന്‍.'' അയാള്‍ ഞെട്ടിപ്പോയി. മറ്റു ഭൃത്യന്മാരുടെ മുമ്പില്‍ കുറ്റവാളിയായിത്തീര്‍ന്നതിലുള്ള ജാള്യം; ജോലിയില്‍നിന്നു പിരിച്ചുവിടുമെന്നുള്ള ആശങ്ക; ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ - ഇവയെല്ലാം അയാളുടെ മനസ്സില്‍ ഇരച്ചുകയറി.

വ്യവസായി, ബേര്‍ബെലിന്റെ ബുദ്ധിയിലും ദിവ്യജ്ഞാനത്തിലും അതിശയിച്ചു. അയാള്‍ ആശ്ചര്യത്തോടെ ചോദിച്ചു: 'കള്ളനെ എങ്ങനെ തിരിച്ചറിയാന്‍ കഴിഞ്ഞു?' ബേര്‍ബെല്‍ ഉത്തരം നല്‍കി: ''രാത്രിയില്‍ കള്ളന്‍ തന്റെ കമ്പിന്റെ രണ്ടിഞ്ചു നീളം കുറച്ചു. കാരണം, അയാള്‍ ശങ്കിച്ചത് കമ്പ് രണ്ടിഞ്ച് വളരുമെന്നാണ്. തന്റെ കമ്പ് രണ്ടിഞ്ച് വളരാതെ പഴയപടി ഇരുന്നാല്‍ത്തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല. ഇതായിരുന്നു അയാളുടെ ചിന്ത.''

നമുക്കു ചിലരെ ഏറെനാള്‍ കബളിപ്പിച്ചും വഞ്ചിച്ചും കഴിയാമായിരിക്കും. എല്ലാവരെയും കുറച്ചുനാള്‍ കബളിപ്പിക്കാനും കഴിഞ്ഞെന്നുവരാം. എന്നാല്‍ നമ്മുടെ മനഃസാക്ഷിയെ വഞ്ചിക്കാന്‍ ഒരുനാളും കഴിയുകയില്ല. തെറ്റിപ്പോകാത്ത, വഞ്ചിക്കപ്പെടാത്ത ന്യായപീഠമാണ് നമ്മുടെ മനഃസാക്ഷി. അതിനെ കൈക്കൂലികൊണ്ടോ ഉപഹാരങ്ങള്‍കൊണ്ടോ സ്വാധീനിക്കാവുന്നതല്ല. അതുകൊണ്ട് ആത്മവഞ്ചനയ്ക്ക് ഒരുമ്പെടാതെ സത്യസന്ധമായിരിപ്പാന്‍ ശ്രമിക്കുകയാണു വേണ്ടത്.

നാം തെറ്റുചെയ്യാന്‍ ഒരുങ്ങുമ്പോള്‍ നമ്മുടെ മനഃസാക്ഷി ജാഗ്രത്തായി നമ്മെ ഒാര്‍മപ്പെടുത്താം. ''അരുത്'' അല്ലെങ്കില്‍ ''പാടില്ല'' എന്ന് അലാം അടിക്കുന്നതുപോലെ നമ്മുടെ മനഃസാക്ഷി മന്ത്രിച്ചുകൊണ്ടിരിക്കും. പക്ഷേ, നാം തുടര്‍ച്ചയായി മനഃസാക്ഷിയുടെ നിയോഗത്തെയും നിയന്ത്രണത്തെയും അവഗണിക്കുമ്പോള്‍ മരവിപ്പു സംഭവിക്കുന്നു. പിന്നീട് മനഃസാക്ഷിയുടെ വിലക്കു കുറഞ്ഞുകുറഞ്ഞു വരും. അവസാനം അതു മരവിച്ചുകഴിയുമ്പോള്‍ തിന്മയെപ്പറ്റിയുള്ള ബോധംതന്നെ ഇല്ലാതാകും. പിന്നെ കളവോ കൊലപാതകമോ ഒന്നും കുറ്റബോധത്തിലേക്കു നയിക്കാതാവും. അതു പരിതാപകരമായ അവസ്ഥയാണ്. അത്തരമൊരവസ്ഥയില്‍ എത്താതിരിപ്പാന്‍ ദിനംതോറുമുള്ള നമ്മുടെ ജീവിതത്തില്‍ മനഃസാക്ഷിയുടെ പ്രവര്‍ത്തനത്തിനു ശ്രദ്ധപതിപ്പിക്കാം. ദൈവത്തിനു പ്രവര്‍ത്തിക്കുന്നതിനുള്ള മുഖ്യകേന്ദ്രമാണ് മനഃസാക്ഷി.





കടപ്പാട്: മനോരമ

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍