കഷ്ടപ്പാടുകള്‍ ഉപകാരമാകുമ്പോള്‍!

ഒരിക്കല്‍ ഒരാള്‍ തന്റെ പൂന്തോട്ടത്തില്‍ ചിത്രശലഭത്തിന്റെ ഒരു കൃമികോശം കണ്ടു.  ഇയാള്‍ ഇതിനെ നിത്യനിരന്തരം വീക്ഷിക്കുന്നുണ്ടായിരുന്നു.  കുറെ ദിവസങള്‍ക്ക് ശേഷം അതില്‍ ഒരു ചെറിയ ദ്വാരം കാണപ്പെട്ടു.  ശലഭം ഈ ദ്വാരത്തില്‍ കൂടി പുറത്തുവരുവാന്‍ നന്നേ പ്രയാസപ്പെടുന്നത് ഇയാള്‍ മണിക്കൂറുകളോളം കണ്ടിരുന്നു.  ഒടുവില്‍ അതിന് കഴിയാതെ വന്നപ്പോള്‍ ശലഭം ഈ ശ്രമം ഉപേക്ഷിച്ച് കൃമികോശത്തിനുള്ളില്‍ തന്നെ ചുരുണ്ടുകൂടി.  ഈ നിസ്സഹായാവസ്ഥയില്‍ അയാള്‍ അതിനെ സഹായിക്കാന്‍ തീരുമാനിച്ചു.  അയാള്‍ എങനെയോ കൃമികോശത്തിന്റെ ദ്വാരം വലുതാക്കികൊടുത്തു.  ഉടന്‍ തന്നെ ശലഭം നിഷ്പ്രയാസം പുറത്തുവന്നു.  പക്ഷേ അതിന്റെ ശരീരം നീര് വന്ന് തുടുക്കുകയും, ചിറകുകള്‍ ചുരുങുകയും ചെയ്തിരുന്നു.  അയാള്‍ അതിന്റെ ചിറകുകള്‍ വിടര്‍ന്ന് പറന്നുയരുന്നത് കാണാന്‍ കൗതുകപൂര്‍‌വ്വം കാത്തിരുന്നു.  പക്ഷേ അതു സംഭവിച്ചില്ല.  പുറത്ത് വന്നതിന് ശേഷമുള്ള ഏതാനും നിമിഷങള്‍ അത് മണ്ണില്‍ വീണ് ഇഴഞ് ജീവിച്ചുതീര്‍ത്തു. 

ഇവിടെ ഇദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിയാഞ ഒരു കാര്യം എന്തെന്നാല്‍, കൃമികോശത്തില്‍ നിന്നും പുറത്ത് വരാന്‍ ശലഭം കാട്ടിയ കഷ്ടപ്പാടുകള്‍ മുഴുവന്‍ അതിന്റെ ബാക്കിയുള്ള ജീവിതത്തിന്റെ നന്മക്ക് വേണ്ടി വിധിക്കപ്പെട്ടിരുന്നതായിരുന്നു.  ശരീരത്തില്‍ നിറഞുനിന്ന ദ്രാവകം ചിറകുകളിലേക്ക് വ്യാപരിപ്പിക്കുന്ന പ്രക്രീയയായിരുന്നു ഈ ബുദ്ധിമുട്ടും കഷ്ടപ്പാടുമൊക്കെ.  കൃമികോശത്തില്‍ നിന്നും ഈ ബുദ്ധിമുട്ട് തരണം ചെയ്തു പുറത്ത് വരുന്ന ശലഭങള്‍ക്ക് മാത്രമേ പറക്കാന്‍ സാധിക്കുകയുള്ളൂ.  

ചില സമയങളില്‍ കഷ്ടപ്പാടുകളാണ് മനുഷ്യന് ഉപകാരമാകുന്നത്.  ബുദ്ധിമുട്ടുകളും തടസ്സങളും ഇല്ലാത്ത ജീവിതം നയിച്ച് കടന്നുപോകുന്നവര്‍ ചില സാഹചര്യങളില്‍ നിസ്സഹായതയുടെ നൂല്‍ പാലത്തില്‍ പകച്ചു  നില്ക്കുന്നത് കാണാം.  കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മനസ്സിനേല്പ്പിക്കുന്ന നൊമ്പരങളില്‍ നിന്നും നാം ആര്‍ജ്ജിക്കുന്ന ഈ ആത്മബലം ജീവിതത്തിലെ ദുഷ്ക്കരമായ വഴിത്തതാരകള്‍ നിഷ്പ്രയാസം പറന്ന് മറുകര കടക്കാന്‍ നമുക്ക് സഹായകമാകുന്നു.  

Comments

Popular posts from this blog

പരോപകാരാര്‍ത്ഥമിദം ശരീരം.

പരോപകാരമേ പുണ്യം (അതുപോട്ടെ!).... പക്ഷേ പാപമേ പരപീഠനം.

ആദി ശങ്കരന്‍