പെന്‍സിലും റബ്ബറും
അരനൂറ്റാണ്ടു മുന്‍പ് എഴുത്തിന്റെയും വരയുടെയും ലോകത്ത് സര്‍വാധിപത്യം പുലര്‍ത്തിയത് പെന്‍സില്‍ ആയിരുന്നു. ഇപ്പൊഴും വരയുടെ ലോകത്ത് അതിന്റെ ആധിപത്യം തുടരുന്നു. പെന്‍സിലിന്റെ സഹചാരിയായി ഒരു റബര്‍ കഷണം എപ്പോഴും അകമ്പടി സേവിക്കും. 'ബോള്‍ പോയിന്റ് വിപ്ളവം വരുന്നതിനു മുന്‍പ് വിദ്യാലയങ്ങളില്‍ പെന്‍സില്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. മഷിയില്‍ മുക്കി എഴുതുന്ന 'സ്റ്റീല്‍ പെന്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്നു. ഫൌണ്ടന്‍പെന്‍ ഉപയോഗത്തില്‍ വന്നിരുന്നു എങ്കിലും ചില അധ്യാപകര്‍ അതിനു വിലക്ക് ഏര്‍പ്പെടുത്തി. കയ്യക്ഷരം വികൃതമാകുമെന്ന ആശങ്കയായിരുന്നു വിലക്കിനു പിന്നില്‍. എഴുത്തുകാരുടെ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന തകഴി പെന്‍സില്‍ കൊണ്ടാണ് എഴുതിയിരുന്നത് എന്നു കേട്ടിട്ടുണ്ട്.
ആദ്യകാലത്ത് ലഭിച്ചിരുന്ന പെന്‍സില്‍ ജര്‍മന്‍/ജപ്പാന്‍ നിര്‍മിതമായിരുന്നു. പിന്നീടാണ് ഇന്ത്യന്‍ നിര്‍മിത പെന്‍സില്‍ രംഗത്ത് എത്തുന്നത്.
സന്തത സഹചാരികളായ പെന്‍സിലും റബറും തമ്മില്‍ നടക്കാവുന്ന ഒരു സംഭാഷണം:
പെന്‍സില്‍ : എനിക്കു ഖേദമുണ്ട്; എന്നോടു ക്ഷമിക്കണം.
റബര്‍ : എന്തിന്? താങ്കള്‍ എന്നോട് തെറ്റൊന്നും ചെയ്തില്ലല്ലോ. പിന്നെ എന്തിനു ക്ഷമചോദിക്കണം.
പെന്‍സില്‍ : എനിക്കു ഖേദമുള്ളത് ഞാന്‍ മുഖാന്തരം താങ്കള്‍ക്കു ക്ഷതവും ക്ഷയവും സംഭവിക്കുന്നതിലാണ്. ഞാന്‍ എപ്പോഴെങ്കിലും തെറ്റുവരുത്തിയാല്‍ താങ്കള്‍ ആ സമയത്തെല്ലാം കടന്നുവന്ന് എന്റെ തെറ്റ് മായിച്ചുകളയുന്നു. അതില്‍ക്കൂടി താങ്കളുടെ ഒരുഭാഗംതന്നെ നഷ്ടപ്പെടുന്നു. ഒാരോ പ്രാവശ്യവും പ്രവര്‍ത്തിച്ചുകഴിയുമ്പോള്‍ താങ്കള്‍ ചെറുതായി തീരുകയാണ്. അവസാനം വളരെ ചെറുതാകുമ്പോള്‍ വലിച്ചെറിയപ്പെടുകയും ചെയ്യും.
റബര്‍ : അതു ശരിതന്നെ. പക്ഷേ, ഞാന്‍ അതു സാരമാക്കുന്നില്ല. എന്റെ സൃഷ്ടിതന്നെ ഇൌ ദൌത്യം നിര്‍വഹിക്കാനാണ്. താങ്കള്‍ എപ്പോള്‍ തെറ്റുചെയ്താലും താങ്കളെ സഹായിക്കാനാണ് ഞാന്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എനിക്കറിയാം തേഞ്ഞുമാഞ്ഞ് ഒരുനാള്‍ ഞാന്‍ ഇല്ലാതാകുമെന്ന്. അപ്പോള്‍ നിങ്ങള്‍ പകരം മറ്റൊരാളെ കണ്ടെത്തും. എങ്കിലും ഞാന്‍ എന്റെ ജോലിയില്‍ തികച്ചും സംതൃപ്തനാണ്. അതുകൊണ്ട് താങ്കള്‍ ദയവുചെയ്ത് ഖിന്നനോ കുണ്ഠിതപ്പെടുന്നവനോ ആകാതിരിക്കുക. താങ്കളെ വിഷാദമൂകനായി കാണുന്നതാണ് എനിക്കു പ്രയാസം!
ഇൌ സംഭാഷണം വായിച്ചപ്പോള്‍ എന്തു സന്ദേശം അതു നല്‍കി എന്ന് സ്വയം ചോദിക്കുക. പലര്‍ക്കും പലവിധത്തില്‍ ആയിരിക്കും. റബര്‍ക്കഷണം മാതാപിതാക്കളുടെ സ്ഥാനത്തും പെന്‍സില്‍ മക്കളുടെ സ്ഥാനത്തും ചിന്തിക്കുക. അവര്‍ തമ്മിലുള്ള ഉദാത്തമായ ബന്ധത്തിന്റെ ഉൌഷ്മളമായ ഒരു ആവിഷ്കരണമാണ്.
മാതാപിതാക്കള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം മക്കള്‍ക്കുവേണ്ടി. മക്കളുടെ ഉയര്‍ച്ചയും വളര്‍ച്ചയുമാണ് മാതാപിതാക്കള്‍ക്കുള്ള ഏറ്റവും വലിയ സംതൃപ്തി. അതാണ് അവരുടെ വലിയ കൃതാര്‍ഥത. മക്കള്‍ എന്തെങ്കിലും തെറ്റുവരുത്തിയാല്‍ അതു തിരുത്തി അവരെ നേരായ പാതയില്‍ നയിക്കുന്നു. കുഴപ്പത്തിലകപ്പെട്ടാല്‍ സ്വയം മറന്ന് എല്ലാം നഷ്ടപ്പെടുത്തിയും മക്കളുടെ ഉയര്‍ച്ചയ്ക്കായി പ്രയത്നിക്കുന്നു. മക്കളുടെ ഉന്നമനത്തിനുവേണ്ടി അവര്‍ സ്വയം ഇല്ലാതാകുന്നു. പ്രായമാകുമ്പേഴേക്കും അവരുടെ ഉൌര്‍ജമെല്ലാം മക്കള്‍ക്കുവേണ്ടി ചെലവിട്ട്, അവര്‍ അവസാനം കടന്നുപോകുന്നു.
തേഞ്ഞുമാഞ്ഞു ചെറുതായ റബര്‍ വിട്ട് പെന്‍സില്‍ വേറൊന്നിനെ സ്വീകരിക്കുന്നു. അതുപോലെ മക്കള്‍ ജീവിതപങ്കാളികളെ കണ്ടെത്തിക്കഴിയുമ്പോള്‍ മാതാപിതാക്കളോടുള്ള കര്‍ത്തവ്യം വിസ്മരിക്കുന്നു. ഇന്നത്തെ സമൂഹത്തില്‍ കണ്ടുവരുന്നത് വാര്‍ധക്യത്തിലെത്തുന്ന മാതാപിതാക്കളെ അവഗണിക്കുന്ന പ്രവണതയാണ്. ഏറ്റവും നിരാശപ്പെടുന്നവരും വ്യഥയനുഭവിക്കുന്നവരും വൃദ്ധജനങ്ങള്‍ തന്നെ. അവര്‍ മക്കള്‍ക്കായി ജീവിച്ചു. മക്കള്‍ക്കായി സമ്പാദിച്ചു. അവരുടെ ഉന്നമനത്തിനായി അധ്വാനിച്ചു. മക്കളിലുള്ള വിശ്വാസം നിമിത്തം സമ്പാദ്യമെല്ലാം മക്കള്‍ക്കായി നല്‍കി. സ്വന്തമായിട്ടൊന്നും അവര്‍ മാറ്റിവച്ചില്ല. മെഴുകുതിരി കത്തിയെരിഞ്ഞ് ഇല്ലാതാകുംപോലെ മക്കള്‍ക്കുവേണ്ടി കത്തിയെരിഞ്ഞ് ഇല്ലാതാവുകയായിരുന്നു.
ദൈവം മനുഷ്യന്റെ സ്വസ്ഥതയ്ക്കും പുരോഗതിക്കുമായി പത്തു കല്‍പ്പന നല്‍കി. അതില്‍ ആദ്യത്തെ നാലും ദൈവത്തോടുള്ള ബന്ധം അന്യൂനം സംരക്ഷിക്കുന്നതു സംബന്ധിച്ചുള്ളതാണ്. അഞ്ചാമത്തെ കല്‍പ്പന മാതാപിതാക്കളെ ആദരിക്കാനും സംരക്ഷിക്കാനുമാണ്. ദൈവം കഴിഞ്ഞാല്‍ പിന്നീട് പരിഗണനയില്‍ വരേണ്ടത് മാതാപിതാക്കള്‍ എന്ന് വ്യംഗ്യം. അതിനുശേഷം മാത്രമേ സമൂഹത്തോടുള്ള ബന്ധം വെളിപ്പെടുത്തുന്ന കല്‍പ്പനകള്‍ വരുന്നുള്ളു. ഇൌ മുന്‍ഗണനാക്രമം അവഗണിക്കപ്പെടുമ്പോള്‍ വ്യക്തിജീവിതം മാത്രമല്ല സമൂഹം മുഴുവന്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരും.
Comments
Post a Comment